കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് സംഘങ്ങൾ ബുധനാഴ്ച തലസ്ഥാനത്തെത്തും; ഒന്നാം ഏകദിനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ഇരു ടീമുകളും ബുധനാഴ്ച തലസ്ഥാനത്ത് എത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് ആരാധകർ കാത്തിരിക്കുന്ന മത്സരം ആരംഭിക്കുന്നത്. തലസ്ഥാനത്തെത്തുന്ന താരങ്ങൾക്ക് കനത്ത സുരക്ഷാ വലയത്തിലാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും, വെസ്റ്റ് ഇൻഡീസ് ടീമിന് ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, താരങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ, കാര്യവട്ടം സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ സിറ്റി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മത്സരം എത്തുമ്പോൾ കാണികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിലാണ് തയ്യാറെടുപ്പുകൾ. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും സിറ്റി പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി പൂർത്തിയാക്കിയിരിക്കുന്നത്.
