news:
October 23, 2026
news:

ജനറിക് മരുന്നിന് ഗുണനിലവാരമില്ലെന്നോ ‘ബയോഅവെയ്ലബിലിറ്റി’ കുറവാണെന്നോ ഉള്ള വാദങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തത്; കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹവും മാതൃകാപരവും; എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതിപക്ഷ വിമര്‍ശനത്തിനിടെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി ഇടത് സഹയാത്രികൻ ഡോ. ബി. ഇഖ്ബാല്‍

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതരുടെ ചികിത്സയ്ക്കായി കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന് പിന്തുണയുമായി ഇടതു സഹയാത്രികനും പ്രമുഖ ന്യൂറോ സര്‍ജനും, മുന്‍ വിസിയുമായ ഡോ. ബി. ഇഖ്ബാല്‍. മരുന്ന് മാറ്റത്തിനെതിരെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.

എസ്.എം.എ. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റോഷ് (Roche) കമ്പനിയുടെ ‘Evrysdi’ (Risdiplam) എന്ന ബ്രാന്‍ഡഡ് മരുന്നിന് ഒരു കുപ്പിക്ക് ഏകദേശം 6.2 ലക്ഷം രൂപയാണ് വില. എന്നാല്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോ (Natco) പുറത്തിറക്കിയ ജനറിക് പതിപ്പിന് ഒരു കുപ്പിക്ക് 15,900 രൂപ മാത്രമാണ് ചെലവ് വരുന്നത്. ബ്രാന്‍ഡഡ് മരുന്നിനെ അപേക്ഷിച്ച് 97 ശതമാനത്തോളം വിലക്കുറവില്‍ ഇത് ലഭ്യമാകും. ഒരു കുപ്പി മരുന്ന് 12 ദിവസത്തേക്ക് ഉപയോഗിക്കാമെന്നിരിക്കെ, പ്രതിമാസ ചെലവ് കേവലം 30,000 രൂപയായി കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറിക് മരുന്നിന് ഗുണനിലവാരമില്ലെന്നോ ‘ബയോഅവെയ്ലബിലിറ്റി’ കുറവാണെന്നോ ഉള്ള വാദങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് ഡോ. ഇഖ്ബാല്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എസ്.എം.എ. രോഗികളുടെ ചികിത്സ: ആരോഗ്യവകുപ്പ് തീരുമാനം സ്വാഗതാര്‍ഹം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (Spinal Muscular Atrophy – SMA) പേശികളെ ക്രമേണ ദുര്‍ബലമാക്കുകയും ചലനശേഷിയെയും ശ്വസനശേഷിയെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന ജീവന് ഭീഷണിയായ ഒരു അപൂര്‍വ ജനിതക രോഗമാണ്. രോഗം പൂര്‍ണമായി ഭേദമാക്കാന്‍ ഇന്നും ചികിത്സയില്ലെങ്കിലും, രോഗത്തിന്റെ പുരോഗതി ഗണ്യമായി മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന റിസ്ഡിപ്ലാം (Risdiplam) എന്ന മരുന്ന് ഇന്ന് ലഭ്യമാണ്. ഈ മരുന്ന് സമയബന്ധിതമായി ലഭിക്കുന്നത് രോഗികളുടെ ജീവിതനിലവാരവും ആയുസ്സും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. ഈ പശ്ചാത്തലത്തില്‍, എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി നാറ്റ്‌കോ (Natco) എന്ന ഇന്ത്യന്‍ കമ്പനിയുടെ കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത് തികച്ചും സ്വാഗതാര്‍ഹവും മാതൃകാപരവുമായ നടപടിയാണ്. എന്നാല്‍, ഈ തീരുമാനത്തിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ചില മാധ്യമങ്ങളും തല്‍പ്പരകക്ഷികളും പ്രചരിപ്പിച്ചുവരുന്നത്.

ചികിത്സാവകാശത്തിലേക്കുള്ള പോരാട്ടവും വിപണിയിലെ യാഥാര്‍ത്ഥ്യങ്ങളും

മരുന്നുകളുടെ അമിതവിലയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ചരിത്രപരമായ നിരവധി മുന്‍ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. 2012-ല്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൊറാഫെനിബ് (Nexavar) മരുന്നിന്റെ കാര്യത്തില്‍ നാറ്റ്‌കോയ്ക്ക് അന്നത്തെ പേറ്റന്റ് കണ്‍ ട്രോളറായിരുന്നു അടുത്തകാലത്ത് അന്തരിച്ച് ശ്രീ പി എച്ച് കുര്യന്‍ 2013 ല്‍ നിര്‍ബന്ധിത ലൈസന്‍സ് അനുവദിച്ചതോടെ ലക്ഷങ്ങള്‍ വിലയുണ്ടായിരുന്ന മരുന്ന് നാലായിരം രൂപയ്ക്ക് ലഭ്യമായത് ഇതിന് മികച്ച ഉദാഹരണമാണ്. ജര്‍മ്മന്‍ കമ്പനിയായ ബേയര്‍ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയ്ക്ക് വിറ്റിരുന്ന ഈ മരുന്നിന്റെ ജനറിക് പതിപ്പ് കേവലം 8,800 രൂപയ്ക്ക് മാര്‍ക്കറ്റ് ചെയ്ത് നാറ്റ്‌കോ ചരിത്രം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ എസ്.എം.എ. ചികിത്സയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ് ഉള്ളത്. റോഷ് (Roche) കമ്പനിയുടെ ബ്രാന്‍ഡഡ് മരുന്നായ ‘Evrysdi’ (Risdiplam) ന്റെ വില ഒരു കുപ്പിക്ക് ഏകദേശം 6.2 ലക്ഷം രൂപയാണ്. എന്നാല്‍ നാറ്റ്‌കോയുടെ ജനറിക് പതിപ്പിന്റെ വില ഒരു കുപ്പിക്ക് 15,900 രൂപ മാത്രമാണ്. ഒരു കുപ്പി സാധാരണയായി 12 ദിവസത്തേക്കാണ് മതിയാകുക എന്നതിനാല്‍, നാറ്റ്‌കോ മരുന്നിന്റെ പ്രതിമാസ ചെലവ് ഏകദേശം 30,000 രൂപയായി വരുന്നു. (രോഗിയുടെ പ്രായം, ഡോസ്, ഉപയോഗിക്കുന്ന അളവ് എന്നിവയനുസരിച്ച് യഥാര്‍ഥ ചെലവില്‍ വ്യത്യാസമുണ്ടാകാം). ബ്രാന്‍ഡഡ് മരുന്നുമായി താരതമ്യം ചെയ്യുമ്പോള്‍ ജനറിക് മരുന്നിന് ഏകദേശം 97 ശതമാനത്തോളം വിലക്കുറവാണ് ഉള്ളത്.

വിപണിയിലെത്തിക്കുന്നതിനെതിരെ റോഷ് കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചിരുന്നെങ്കിലും, 2025 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ജനറിക് മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ അനുവദിച്ച് വിധിപ്രസ്താവിച്ചു. തുടര്‍ന്ന് നാറ്റ്‌കോയ്ക്ക് ജനറിക് റിസ്ഡിപ്ലാം വിപണിയിലെത്തിക്കാന്‍ സാധിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി രോഗികളുടെ ചികിത്സാവകാശത്തിനും മരുന്നുകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭിക്കണമെന്ന പൊതുജനാരോഗ്യ തത്വത്തിനും ലഭിച്ച ഒരു ചരിത്രവിജയമായിരുന്നു.

അടിസ്ഥാനരഹിതമായ വാദങ്ങളും യാഥാര്‍ത്ഥ്യവും

ജനറിക് മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചും ‘ബയോഅവെയ്ലബിലിറ്റി’ (Bioavailability) ഇല്ലെന്ന തരത്തിലും ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ തികച്ചും ശാസ്ത്രീയമല്ലാത്തതും അടിസ്ഥാനരഹിതവുമാണ്. നാം കഴിക്കുന്ന ഒരു മരുന്ന് ദഹനവ്യവസ്ഥയിലൂടെ രക്തയോട്ടത്തിലേക്ക് (Systemic Circulation) എത്തിച്ചേരുന്നതിന്റെ വേഗതയെയും അളവിനെയും ആണ് ബയോഅവെയ്ലബിലിറ്റി എന്ന് വിളിക്കുന്നത്. നാറ്റ്‌കോ പോലുള്ള അംഗീകൃത കമ്പനികള്‍ ജനറിക് മരുന്ന് ഇറക്കുമ്പോള്‍, അത് ബ്രാന്‍ഡഡ് മരുന്നിന് സമാനമായ രീതിയില്‍ തന്നെ രക്തത്തില്‍ കലരുന്നുണ്ടെന്ന് (Bioequivalent) ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കര്‍ശനമായ ബയോഇക്വലന്‍സ് പരിശോധനകള്‍ (Bioequivalence studies) വിജയിച്ചാല്‍ മാത്രമേ ഏതൊരു ജനറിക് മരുന്നിനും വിപണിയില്‍ അനുമതി ലഭിക്കൂ.

ഇന്ത്യന്‍ മരുന്ന് നിയന്ത്രണ അതോറിറ്റിയായ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരത്തോടെയാണ് ഈ മരുന്ന് വിപണിയിലെത്തിയത്. ലോകത്തിന്റെ വിവിധ നിയന്ത്രിത വിപണികളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന ഉയര്‍ന്ന വിശ്വാസ്യതയുള്ള ഔഷധ നിര്‍മ്മാണ കമ്പനിയാണ് നാറ്റ്‌കോ. ബ്രാന്‍ഡഡ് മരുന്ന് നല്‍കുന്ന അതേ ഫലവും സുരക്ഷിതത്വവും ജനറിക് മരുന്നും നല്‍കുന്നുണ്ടെന്ന് ഈ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ണ്ണമായി ഉറപ്പുനല്‍കുന്നുണ്ട്. ചുരുക്കത്തില്‍, ഉയര്‍ന്ന വിലകൂടിയ മരുന്നുകളുടെ കുത്തക നിലനിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ മെനഞ്ഞെടുക്കുന്ന വ്യാജ പ്രചാരണങ്ങള്‍ മാത്രമാണിത്.

പൊതുജനാരോഗ്യവും സാമൂഹ്യനീതിയും

ഇന്ന് നമ്മുടെ മുന്നിലുള്ള ചോദ്യം ബ്രാന്‍ഡ് മരുന്നും ജനറിക് മരുന്നും തമ്മിലുള്ള കേവലമായ ഒരു തിരഞ്ഞെടുപ്പല്ല. പരിമിതമായ പൊതുധനം ഉപയോഗിച്ച് കൂടുതല്‍ രോഗികളെ ചികിത്സിക്കണോ, അതോ വളരെ കുറച്ച് രോഗികള്‍ക്ക് മാത്രം അമിതവില നല്‍കി ചികിത്സ നല്‍കി മറ്റ് പാവപ്പെട്ടവരെ പ്രതിസന്ധിയിലാക്കണോ എന്ന നിര്‍ണായകമായ പൊതുജനാരോഗ്യ നയത്തിന്റെ ചോദ്യമാണിത്.

ഡല്‍ഹി ഹൈക്കോടതി വിധിയുടെ യഥാര്‍ത്ഥ പ്രയോജനം രോഗികളിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞ വിലയിലുള്ള ജനറിക് റിസ്ഡിപ്ലാമിലേക്ക് മാറേണ്ടതുണ്ടെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ പൊതുധനം ലാഭിക്കുന്നതിനുള്ള ഒരു സാമ്പത്തിക തീരുമാനം മാത്രമല്ല; അതേ തുക ഉപയോഗിച്ച് കൂടുതല്‍ എസ്.എം.എ. രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കുന്ന ചികിത്സ ഉറപ്പാക്കാനുള്ള മാനുഷികവും സാമൂഹികവുമായ വലിയൊരു ഉത്തരവാദിത്തം കൂടിയാണ്.

ശാസ്ത്രീയമായി പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ജനറിക് മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകുമ്പോള്‍ അത് എസ്.എം.എ. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയൊരു അനുഗ്രഹമാണ്. അതിനാല്‍, ഇത്തരം അടിസ്ഥാനരഹിതമായ മാധ്യമ പ്രചാരണങ്ങളെ അവഗണിച്ച്, രോഗിപക്ഷത്തുനിന്നുള്ള ഈ നിര്‍ണായക തീരുമാനവുമായി മുന്നോട്ടുപോകാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *