എ.ഡി.ജി.പിയുടെ അധികാരഗര്‍വ്വില്ല, പദവിയുടെ അകല്‍ച്ചയുമില്ല; വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്ന പി.എസ്.ഒയുടെ യൂണിഫോമില്‍ പുഞ്ചിരിയോടെ ബാഡ്ജ് ചാര്‍ത്തിക്കൊടുത്ത് പി. വിജയന്‍; ‘എന്റെ കൂട്ടുകാരന്‍ ദിനൂപ്’ എന്ന ഒറ്റവരിയില്‍ നിറഞ്ഞത് സ്‌നേഹവും കരുതലും; മനുഷ്യത്വം നിറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് കൈയടിച്ച് സോഷ്യല്‍ മീഡിയ* /
തിരുവനന്തപുരം ഉന്നത ഉദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തില്‍ ഔദ്യോഗിക പദവികള്‍ക്കപ്പുറം സൗഹൃദത്തിനും പരസ്പര ബഹുമാനത്തിനും ഇടമുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എ.ഡി.ജി.പി പി. വിജയന്‍ സഹപ്രവര്‍ത്തകനായ ദിനൂപിന്റെ യൂണിഫോമില്‍ ബാഡ്ജ് ചാര്‍ത്തിക്കൊടുക്കുന്ന ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘With my buddy, Sri Dinoop’ എന്ന ഒറ്റവരിയിലൂടെ വിജയന്‍ പങ്കുവെച്ച സ്‌നേഹവും അടുപ്പവുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
വര്‍ഷങ്ങളായി പി. വിജയന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായി (പി.എസ്.ഒ) പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് തൊടുപുഴ സ്വദേശിയായ ദിനൂപ്. എ.ഡി.ജി.പി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകനെ ‘ബഡ്ഡി’ അഥവാ കൂട്ടുകാരന്‍ എന്നു വിശേഷിപ്പിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. അധികാരത്തിന്റെ അകല്‍ച്ചയില്ലാതെ സഹപ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്ന വിജയന്റെ ലാളിത്യത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ അഭിനന്ദനങ്ങളുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. മേലുദ്യോഗസ്ഥന്റെ പുഞ്ചിരിക്കുന്ന മുഖം കൂടെയുള്ളവര്‍ക്ക് വലിയ പോസിറ്റീവ് ഊര്‍ജം നല്‍കുന്നുവെന്നായിരുന്നു ലിപിന്‍ രാജ് എന്നയാളുടെ പ്രതികരണം. ‘നിരുപാധികമായ ഈ സ്‌നേഹം കാണുന്നതില്‍ സന്തോഷം’ എന്നും അദ്ദേഹം കുറിച്ചു.
‘മൈ ബഡ്ഡി’ എന്ന പ്രയോഗം ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട് എന്നാണ് മറ്റൊരു കമന്റ്. സഹപ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് സേനയ്ക്ക് മാതൃകയെന്നും കേരള പൊലീസില്‍ ഇത്തരം സമീപനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ദിനൂപിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായും ഈ ചിത്രത്തെ പലരും വിലയിരുത്തി. 2008-ലെ എന്‍.സി.സി. ആര്‍.ഡി ക്യാംപ് കാലം മുതല്‍ ദിനൂപില്‍ കണ്ടുവരുന്ന അതേ ഊര്‍ജം ഇന്നും തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുറിച്ചു.
അധികാരം ഉപയോഗിച്ച് ഭയപ്പെടുത്തുന്നതിലല്ല, കൂടെയുള്ളവരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ചേര്‍ത്തുപിടിക്കുന്നതിലാണ് യഥാര്‍ഥ നേതൃത്വമെന്ന് ഈ ചിത്രം ഓര്‍മിപ്പിക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. താഴെത്തട്ടിലുള്ള ജീവനക്കാരുടെ ആത്മാര്‍ഥതയും കഠിനാധ്വാനവും തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രചോദനമാകുന്ന മേലുദ്യോഗസ്ഥരാണ് ഏതൊരു സേനയുടെയും കരുത്തെന്നും കമന്റുകളുണ്ട്.
